അരവല്ലി മലനിരകളിൽ ഖനനം അനുവദിക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: അരവല്ലി മലനിരകളിൽ ഒരിഞ്ച് ഭൂമിയിലും ഖനന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കോടതിയെടുത്തത്.

രാജസ്ഥാനിലെയും ഹരിയാനയിലെയും അരവല്ലി മേഖലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. പരിസ്ഥിതി നാശം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനവും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അരവല്ലി മലനിരകൾ വടക്കേ ഇന്ത്യയുടെ പരിസ്ഥിതി സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമാണെന്നും മലനിരകളുടെ നാശം കാലാവസ്ഥയെയും ഭൂഗർഭജല ലഭ്യതയെയും ഗുരുതരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അനധികൃത ഖനനം തടയാൻ സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.

അരവല്ലി മേഖലയിൽ അനുമതിയില്ലാതെ ഖനനം നടത്തുന്നത് സംബന്ധിച്ച് മുമ്പും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *