തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസായ ‘സെൻസസ് 2027’-ന്റെ കേരളത്തിലെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുമെന്ന് സെൻസസ് സംസ്ഥാന നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു അറിയിച്ചു. ഇതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് സ്വന്തം നിലയിൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള 15 ദിവസത്തെ ‘സെൽഫ് എന്യൂമറേഷൻ’ (Self-Enumeration) സൗകര്യം നാളെ (ജൂൺ 16) മുതൽ ലഭ്യമാകും.
ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടലിലൂടെ (https://se.census.gov.in) സ്വന്തം വീടുകളിലെ വിവരങ്ങൾ നേരിട്ട് സമർപ്പിക്കാം. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ ഈ പോർട്ടൽ പ്രവർത്തനസജ്ജമാകും. ഇത്തരത്തിൽ വിവരങ്ങൾ വിജയകരമായി രേഖപ്പെടുത്തുന്നവർക്ക് 11 അക്കങ്ങളുള്ള ഒരു പ്രത്യേക ഐഡന്റിഫിക്കേഷൻ നമ്പർ (SE ID) ലഭിക്കും. ജൂലൈ ഒന്നു മുതൽ 30 വരെ സെൻസസ് ജീവനക്കാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ഈ ഐഡി കൈമാറിയാൽ മതിയാകും. ഇത് വീടുകയറിയുള്ള വിവരശേഖരണത്തിന്റെ സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
കേരളത്തിൽ ഭവനപട്ടിക തയ്യാറാക്കലും പാർപ്പിട സെൻസസുമാണ് (Houselisting and Housing Census) ഒന്നാം ഘട്ടത്തിൽ നടക്കുന്നത്. വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടമായ ജനസംഖ്യാ നിർണ്ണയം 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന സെൻസസിനായി സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് പ്രധാനമായും ഈ ചുമതല നിർവഹിക്കുന്നത്. വിവരശേഖരണത്തിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. സെൻസസ് നിയമപ്രകാരം ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ തികച്ചും രഹസ്യമായിരിക്കുമെന്നും പൂർണ്ണമായ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് നോഡൽ ഓഫീസർ അഭ്യർത്ഥിച്ചു

