ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമമായ യുഎപിഎ പ്രകാരം പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 23 പേരെ ഭീകരരായി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് നടപടി. ഇതോടെ യുഎപിഎ പ്രകാരം ഭീകരരായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികളുടെ എണ്ണം 80 ആയി ഉയർന്നു.
പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയവർ നിരോധിത ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ് (JeM), ലഷ്കർ-ഇ-തൊയ്ബ (LeT) എന്നിവയുമായി ബന്ധപ്പെട്ടവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ ഒരാൾക്ക് അൽ-ഖ്വയ്ദ, ഐഎസ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഭീകരരെ റിക്രൂട്ട് ചെയ്യൽ, ജമ്മു-കശ്മീരിലേക്ക് നുഴഞ്ഞുകയറ്റത്തിന് സഹായം നൽകൽ, പരിശീലനം, ഡ്രോൺ ഉപയോഗിച്ച് ആയുധ വിതരണം, സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കുമെതിരായ ആക്രമണ ഗൂഢാലോചന എന്നിവയിൽ ഇവർ പങ്കാളികളായിരുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.
പട്ടികയിലുള്ളവരിൽ മൂന്ന് പേർ ലഷ്കർ സ്ഥാപകൻ ഹഫീസ് സഈദിന്റെ അടുത്ത അനുയായികളാണെന്നും 2016-ലെ നാഗ്രോട്ട സൈനിക ക്യാമ്പ് ആക്രമണത്തിലും 2018-ലെ സുൻജ്വാൻ സൈനിക കേന്ദ്ര ആക്രമണത്തിലും ഉൾപ്പെട്ടവരും പട്ടികയിലുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിനെതിരായ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തന ശൃംഖലകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

