സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേര് മാറ്റി കേന്ദ്രം; ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്ര സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരുകളിൽനിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്ര സർക്കാർ. ദേശീയ വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ പദ്ധതികളുടെ പേരുകളിലാണ് മാറ്റം വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻഎസ്എപി) 2026–27 മുതൽ 2030–31 വരെ അഞ്ചുവർഷത്തേക്ക് തുടരുന്നതിനായി 53,428 കോടി രൂപയും മന്ത്രിസഭ അനുവദിച്ചു. പദ്ധതിയുടെ പേര് പ്രധാനമന്ത്രി സാമൂഹിക് സഹായത യോജന എന്നാക്കി മാറ്റി.

ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജനയായും ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി പ്രധാനമന്ത്രി വിധവാ പെൻഷൻ യോജനയായും പുനർനാമകരണം ചെയ്തു. ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി ഇനി പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന എന്നറിയപ്പെടും. ദേശീയ കുടുംബാനുകൂല്യ പദ്ധതി പ്രധാനമന്ത്രി പരിവാർ ലാഭ് യോജന എന്ന പേരിലും അറിയപ്പെടും.

ഭിന്നശേഷി പെൻഷൻ പദ്ധതിയുടെ അർഹതാ മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. പെൻഷന് അർഹത നേടുന്നതിനുള്ള ഭിന്നശേഷിയുടെ കുറഞ്ഞ പരിധി 80 ശതമാനത്തിൽനിന്ന് 40 ശതമാനമായി കുറച്ചു. ജനനം മുതൽ അർഹത പരിഗണിക്കാനും തീരുമാനിച്ചു.

പുതിയ വ്യവസ്ഥപ്രകാരം 79 വയസ്സുവരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 375 രൂപയും 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് 625 രൂപയും സഹായധനമായി ലഭിക്കും. വാർധക്യകാല, വിധവാ പെൻഷൻ പദ്ധതികളും കുടുംബാനുകൂല്യ പദ്ധതിയും നിലവിലുള്ള രീതിയിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *