ബ്രസൽസ്: സ്പാനിഷ് എൻക്ലേവായ സെവൂത്തയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരക്കണക്കിന് അഭയാർഥികൾ ഇരച്ചുകയറിയ സംഭവത്തിൽ യൂറോപ്യൻ യൂണിയന്റെ പുറം അതിർത്തി സുരക്ഷ ശക്തമാക്കാൻ ആഹ്വാനം ചെയ്ത് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. അതിർത്തികളിലെ മുൻകരുതൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ഫലപ്രദമായ കുടിയേറ്റ നിയന്ത്രണത്തിനായി സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം വിപുലീകരിക്കണമെന്നും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് അവർ ആവശ്യപ്പെട്ടു.
സെവൂത്തയിലേക്ക് കടന്നുകയറിയ അഭയാർഥികളിൽ ഭൂരിഭാഗവും ഇതിനകം മൊറോക്കോയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ടെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. അതിർത്തിയിലെ അടിയന്തര സാഹചര്യം നേരിടുന്നതിൽ സ്പെയിന് യൂറോപ്യൻ യൂണിയന്റെ പൂർണ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.
മൊറോക്കോയിൽ നിന്ന് സെവൂത്ത അതിർത്തി വഴി സ്പെയിനിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉടലെടുത്ത ഗുരുതരമായ കുടിയേറ്റ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെ ഈ പ്രതികരണം.

