എഐ രംഗത്തെ പ്രമുഖർക്ക് ചൈനയുടെ യാത്രാവിലക്ക്; കുടുംബാംഗങ്ങൾക്കും നിയന്ത്രണം

ബെയ്ജിങ്: നിർണായക കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയും വിദഗ്ധ അറിവും രാജ്യത്തിന് പുറത്തേക്ക് ചോരുന്നത് തടയുന്നതിന്റെ ഭാഗമായി പ്രമുഖ എഐ വിദഗ്ധരുടെയും സ്ഥാപന മേധാവികളുടെയും വിദേശയാത്രയ്ക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ പ്രമുഖ എഐ സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് നിയന്ത്രണം ബാധിക്കുന്നത്. വിദേശയാത്രയ്ക്ക് ബന്ധപ്പെട്ട അധികൃതരുടെ അനുമതി നേടണമെന്നാണ് നിർദേശം.

അലിബാബ, ഡീപ്സീക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ തന്ത്രപ്രധാന എഐ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധർക്ക് ഈ വർഷം മുതൽ വിദേശയാത്രയ്ക്ക് അനുമതി ആവശ്യമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണങ്ങളുടെ പട്ടികയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താനും ചൈനീസ് സർക്കാർ നീക്കം നടത്തുന്നതായാണ് വിവരം.

ഇതിനുപുറമെ, ദേശീയ സുരക്ഷയ്ക്ക് നിർണായകമെന്ന് കണക്കാക്കുന്ന എഐ, ചിപ്പ് മേഖലകളിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യ, ഭർത്താവ്, മക്കൾ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങൾക്കും വിദേശയാത്രയ്ക്ക് മുൻകൂർ അനുമതി ആവശ്യമായി വന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നിയന്ത്രണം എല്ലാവർക്കും ബാധകമല്ലെന്നും പ്രത്യേകമായി പരിഗണിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈനയിൽ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ യാത്രാനിയമങ്ങൾ വ്യാവസായിക, സാങ്കേതിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ പൗരന്മാരുടെ വിദേശയാത്ര തടയാൻ അധികൃതർക്ക് കൂടുതൽ അധികാരം നൽകുന്നുണ്ട്. എഐ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സാങ്കേതിക മേഖലകളിലാണ് നടപടികൾക്ക് പ്രത്യേക പ്രാധാന്യം.

Leave a Reply

Your email address will not be published. Required fields are marked *