മ മുംബൈ: മുംബൈയിലെ മനോരി തീരത്തിന് സമീപം മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന കപ്പലിൽ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. കപ്പലിൽ മോഷണശ്രമത്തിനിടെ ഗ്യാസ് പൈപ്പ് മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാതകച്ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ശക്തമായ കാറ്റിലും കനത്ത മഴയിലും നാല് മാസം മുമ്പാണ് കപ്പൽ തീരത്തിന് സമീപം കുടുങ്ങിയത്. കഴിഞ്ഞ ഒരു മാസമായി കപ്പലിൽ മോഷണം നടക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം സ്പീഡ് ബോട്ടിലെത്തിയ ഏഴുപേർ കപ്പലിൽ കയറിയതായാണ് വിവരം. ഇവരിൽ നാലുപേർ കപ്പലിന്റെ അകത്തെ ഭാഗത്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൈപ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വാതകം ചോർന്നതിനെ തുടർന്ന് നാലുപേരും മരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
സംഘത്തിലെ ഒരാൾ ഗൊരായി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തുക്കളെ കപ്പലിനുള്ളിൽ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസും നാവികസേനാ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂ.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കപ്പലിൽ നേരത്തെയും മോഷണം നടന്നിട്ടുണ്ടോയെന്നും വാതകച്ചോർച്ചയുടെ കൃത്യമായ കാരണമെന്തെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

