യുദ്ധ മുന്നണിയില്‍ സൈനികര്‍ക്കു പകരം യന്ത്രജീവികളെ ഉപയോഗിക്കാന്‍ ചൈന, യന്ത്ര ചെന്നായ്ക്കളെന്ന് ഇവയ്ക്കു പേര്

ബീജിങ്: തായ്വാനെ പൂര്‍ണമായി പിടിച്ചെടുക്കാന്‍ റോബോട്ടിക് ചെന്നായ്ക്കളെ (യന്ത്ര ജീവികളെ) അണിനിരത്താന്‍ ചൈന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓട്ടോമാറ്റിക് റൈഫിളുകളുമായി ഏതു ദുര്‍ഘട പ്രദേശത്തും കടന്നു ചെന്ന് ശത്രുക്കളെ ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. യന്ത്രജീവികളെ അണിനിരത്തുന്നതോടെ പട്ടാളക്കാരുടെ ജീവിതച്ചെലവുകള്‍ നേരിടാനുള്ള തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്താനും സാധിക്കും. യന്ത്രച്ചെന്നായ്ക്കള്‍ എന്നാണ് ചൈനീസ് പട്ടാളം ഇവയെ വിളിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേനയായിരിക്കും യന്ത്രജീവികളുടെ നിയന്ത്രണം. പതിനെട്ടു കിലോമീറ്റര്‍ പരിധിയില്‍ എവിടെയിരുന്നും ഇവയെ നിയന്ത്രിക്കാന്‍ സാധിക്കും. ഇരുനൂറു മീറ്റര്‍ ദൂരം താണ്ടാന്‍ ഇവയ്ക്ക് മുപ്പതു സെക്കന്‍ഡുകള്‍ മതി. മുള്ളുവേലികള്‍ ഉള്‍പ്പെടെയുള്ള തടസങ്ങളെ പോലും അനായാസം മറികടന്നാണ് ഇവ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. വെള്ളത്തിനടിയില്‍ പോയാലും മുപ്പതു മിനിറ്റ് ഇവ പിടിച്ചു നില്‍ക്കും. രണ്ടു മണിക്കൂര്‍ വരെ അനായാസം പോരാട്ടം നടത്തുകയും ചെയ്യും.

എഴുപതു കിലോയാണ് ഓരോ യന്ത്രജീവിയുടെയും തൂക്കം. വെടിക്കോപ്പുകള്‍ക്കു പുറമെ മെഡിക്കല്‍ കിറ്റുകള്‍, ആഹാര സാധനങ്ങള്‍ എന്നിവയെല്ലാം ഇവ ലക്ഷ്യസ്ഥാനത്തെത്തിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന സൈനിക പ്രദര്‍ശനത്തില്‍ ഇവയെയും പ്രദര്‍ശനത്തിനു വച്ചിരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *