ഡൽഹി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി സിജെപി നേതാക്കൾ; ചുമത്തിയത് ഗുരുതര വകുപ്പുകൾ

ന്യൂഡൽഹി: ജന്തർമന്ദറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരായി. ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അതിക്രമിച്ചുകടക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ തുടർന്നാണ് നടപടി.

ഒക്ടോബർ 13-ന് നിരോധനാജ്ഞ ലംഘിച്ച് ജന്തർമന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം തിഹാർ ജയിലിൽ നിന്ന് കോടതി നിർദേശപ്രകാരമാണ് നേതാക്കൾ മോചിതരായത്. സമാധാനാന്തരീക്ഷം തകർക്കില്ലെന്നും ഭാവിയിൽ ചട്ടപ്രകാരം മാത്രമേ പ്രതിഷേധങ്ങൾ നടത്തുകയുള്ളൂവെന്നും രേഖാമൂലം കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ജാമ്യം ലഭിച്ചത്. എന്നാൽ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് നേതാക്കൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി വിശദീകരണം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികൾക്കെതിരെ നടത്തിയ പ്രതിഷേധങ്ങളും സുരക്ഷാവലയം ഭേദിച്ച് അതിക്രമിച്ചു കയറിയെന്ന ആരോപണങ്ങളുമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *