മുതിർന്നവരെപ്പോലെ പക്വതയോടെ സംസാരിക്കൂ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എസ്. ജയ്ശങ്കർ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ വിദേശ നേതാക്കൾ മുംബൈയിലേക്ക് വിളിപ്പിച്ചു വരുത്തിയെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. രാഹുൽ ഗാന്ധി മുതിർന്നവരെപ്പോലെ പക്വതയോടെ സംസാരിക്കാൻ തയ്യാറായാൽ ക്രിയാത്മകമായ ഏത് ചർച്ചയ്ക്കും താൻ സന്നദ്ധനാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ മുംബൈയിലേക്ക് വിളിപ്പിച്ചു വരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിൽ കടുത്ത ആശയക്കുഴപ്പമാണെന്നും രാഹുൽ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ ചിലർ എന്തിനാണ് എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പ്രതിപക്ഷത്തിന് മുംബൈയോട് പ്രത്യേകമായ എന്തെങ്കിലും വിരോധമുണ്ടോ എന്നും മന്ത്രി ചോദിച്ചു.

ഡൽഹിക്ക് പുറത്തുവെച്ച് വിദേശ നയതന്ത്ര പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നത് ഇതാദ്യമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി മുൻകാല ചരിത്രങ്ങളും ഓർമ്മിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഷിംലയിൽ വെച്ച് പാകിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയെ കണ്ടപ്പോൾ ആരെങ്കിലും അവരെ വിളിപ്പിച്ചു വരുത്തിയതാണോ എന്ന് അദ്ദേഹം ചോദിച്ചു. സൽമാൻ ഖുർഷിദ് ജയ്പൂരിൽ വെച്ച് പാക് പ്രധാനമന്ത്രിയെ സ്വീകരിച്ചതും, പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലും വഡോദരയിലും ലോകനേതാക്കൾക്ക് ആതിഥേയത്വം വഹിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നയതന്ത്ര ചർച്ചകൾ സംഘടിപ്പിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര വികേന്ദ്രീകരണത്തിന്റെ ഭാഗമാണെന്നും ജയ്ശങ്കർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *