കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകുന്നതാണ് കോടതിയുടെ ഈ നടപടി.
ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കഴിയൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക പരിശോധന നടത്തിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്ന സുപ്രീം കോടതി നിർദ്ദേശവും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളി.
ഇ.ഡി നടത്തിയത് പ്രാഥമിക അന്വേഷണമാണെന്നും അതിന്റെ റിപ്പോർട്ട് നിലനിൽക്കെ സംസ്ഥാന പൊലീസ് വീണ്ടുമൊരു പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമുള്ള ഇ.ഡിയുടെ വാദം ഹൈക്കോടതി ശരിവെച്ചു. അതിനാൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതോടെ, അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രാഥമിക പരിശോധനയുടെ ആനുകൂല്യം ഈ കേസിൽ ഇരുവർക്കും ലഭിക്കില്ലെന്നും വ്യക്തമായി.
സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള കണ്ടെത്തലുകൾ അടങ്ങിയ വിവരങ്ങൾ നേരത്തെ ഇ.ഡി സീൽ ചെയ്ത കവറിൽ സർക്കാരിനും ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് ഇ.ഡിയുടെ കത്ത് പരിഗണിച്ച് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് കോടതി ഉത്തരവിട്ടത്.

