ബെറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 300 കോടിയുടെ കൊക്കെയ്ൻ പിടികൂടി; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിനായി അന്വേഷണം ശക്തമാക്കി പൊലീസ്

സിഡ്നി: മരവിപ്പിച്ച പഴങ്ങൾ (Frozen Berries) സൂക്ഷിച്ച ഷിപ്പിംഗ് കണ്ടെയ്നറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന കൊക്കെയ്ൻ ഓസ്‌ട്രേലിയൻ അതിർത്തി രക്ഷാസേന (ABF) പിടികൂടി. സിഡ്നിക്ക് തെക്കുള്ള പോർട്ട് ബോട്ടണിയിൽ വെച്ചാണ് ചിലിയിൽ നിന്നെത്തിയ ഈ റഫ്രിജറേറ്റഡ് കണ്ടെയ്നർ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പരിശോധനയിൽ കണ്ടെയ്നറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ വെളുത്ത പൊടി അടങ്ങിയ 110 പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 300 കോടിയിലധികം രൂപ (36 മില്യൺ ഡോളർ) വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. വടക്ക്-പടിഞ്ഞാറൻ സിഡ്നി ലക്ഷ്യമാക്കിയാണ് ഈ മയക്കുമരുന്ന് വലിയ തോതിൽ കടത്താൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തെ കണ്ടെത്താനായി പൊലീസ് ഇപ്പോൾ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയകൾ ഇപ്പോൾ റഫ്രിജറേറ്റഡ് കണ്ടെയ്നറുകൾ വ്യാപകമായി ഇത്തരം നിയമവിരുദ്ധ കടത്തുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് ആരോൺ ബർഗെസ് പറഞ്ഞു. സമൂഹത്തെയും കുടുംബങ്ങളെയും തകർക്കുന്ന ഇത്തരം ലഹരിവസ്തുക്കൾ രാജ്യത്തേക്ക് എത്തിക്കുന്ന ക്രിമിനൽ ശൃംഖലകളെ വേരോടെ പിഴുതെറിയാൻ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന ചെറിയ വിവരങ്ങൾ പോലും നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ഫെഡറൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *