പൗളിൻ ഹാൻസനെ പെലിക്കൺ എന്ന് വിളിച്ച് ക്രോക്കഡൈൽ ഡണ്ടി താരം പോൾ ഹോഗൻ

സിഡ്നി: മൾട്ടികൾച്ചറലിസത്തിനെതിരെ തീവ്രവലതുപക്ഷ വൺ നേഷൻ പാർട്ടി നേതാവ് പൗളിൻ ഹാൻസൻ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഹോളിവുഡ് ചിത്രം ‘ക്രോക്കഡൈൽ ഡണ്ടി’യിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ ഓസ്‌ട്രേലിയൻ താരം പോൾ ഹോഗൻ. എന്നാൽ ഹാൻസനെ വിമർശിക്കാൻ താരം ഉപയോഗിച്ച വാക്ക് ഇപ്പോൾ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിൽ പൗളിൻ ഹാൻസൻ മുന്നോട്ടുവെച്ച ‘ഓസ്‌ട്രേലിയൻ മോണോകൾച്ചർ’ (ഏകസംസ്കാരം) എന്ന ആശയം രാജ്യത്ത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച സെനറ്റിൽ നടത്തിയ പ്രസംഗത്തിൽ, പഴയ ഓസ്‌ട്രേലിയൻ ഹാസ്യ കഥാപാത്രങ്ങളായ പോൾ ഹോഗനെയും നോർമൻ ഗൺസ്റ്റനെയും തിരിച്ചുകൊണ്ടുവരണമെന്നും ഇവരാണ് യഥാർത്ഥ ഓസ്‌ട്രേലിയൻ ഏകസംസ്കാരത്തിന്റെ മുഖങ്ങളെന്നും അവർ വാദിച്ചു. തന്റെ രാഷ്ട്രീയ തന്ത്രത്തിലേക്ക് പോൾ ഹോഗന്റെ പേര് വലിച്ചിഴച്ചതോടെയാണ് താരം മറുപടിയുമായി രംഗത്തെത്തിയത്.

നിലവിൽ കാലിഫോർണിയയിലെ വെനീസ് ബീച്ചിലുള്ള 86-കാരനായ പോൾ ഹോഗനെ ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം ഹാൻസനെതിരെ ആഞ്ഞടിച്ചത്. “അവളൊരു പെലിക്കൺ (Pelican) ആണ്” എന്നായിരുന്നു ഹോഗന്റെ പ്രതികരണം. ഹാൻസന്റെ സംസാരം അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഹോഗൻ എന്തുകൊണ്ടാണ് ഹാൻസനെ ‘പെലിക്കൺ’ എന്ന് വിളിച്ചതെന്ന ആശയക്കുഴപ്പത്തിലാണ് പലരും. ഓസ്‌ട്രേലിയൻ പ്രാദേശിക സ്ലാംഗ് (തനത് പ്രയോഗം) അനുസരിച്ച് വിഡ്ഢി, കോമാളി എന്നൊക്കെ അർത്ഥമാക്കാനാണ് ‘പെലിക്കൺ’ എന്ന വാക്ക് ഉപയോഗിക്കുന്നത്. പതുക്കെ മാത്രം ചലിക്കുന്ന, വിചിത്ര രൂപമുള്ള ഈ പക്ഷിയെ മുൻനിർത്തിയാണ് ഓസ്‌ട്രേലിയക്കാർ ഈ വാക്ക് അധിക്ഷേപമായി ഉപയോഗിക്കാറുള്ളത്. തന്റെ പ്രശസ്തമായ ക്രോക്കഡൈൽ ഡണ്ടി സിനിമയിലും ഹോഗൻ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

ഷെയ്ക്സ്പിയറുടെ ‘കിംഗ് ലിയർ’ എന്ന നാടകത്തിലും അധികാരാമോഹികളായ മക്കളെ വിശേഷിപ്പിക്കാൻ പെലിക്കൺ എന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഹോഗൻ ഓസ്‌ട്രേലിയൻ തനത് ശൈലിയിലാണ് ഇത് പ്രയോഗിച്ചതെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഹാൻസന്റെ വംശീയ അജണ്ടകൾക്കെതിരെയുള്ള ഹോഗന്റെ ഈ ഒറ്റവാക്കിലെ പ്രയോഗം ഇപ്പോൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്

Leave a Reply

Your email address will not be published. Required fields are marked *