ദേശീയ പക്ഷിപ്പനി ജാഗ്രത ശക്തം; നാലാമത്തെ കേസും സ്ഥിരീകരിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിൽ ദേശാടനപ്പക്ഷിയിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട എച്ച്5എൻ1 (H5N1) കേസുകളുടെ എണ്ണം നാലായി. വെസ്റ്റൺ ഓസ്‌ട്രേലിയയുടെ തെക്കൻ തീരത്ത് കണ്ടെത്തിയ ‘ജയന്റ് പെട്രൽ’ (Giant Petrel) എന്ന കടൽപ്പക്ഷിയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ബെത് കുക്‌സൺ ശനിയാഴ്ച അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രണ്ടും സൗത്ത് ഓസ്‌ട്രേലിയയിൽ ഒന്നുമായി മൂന്ന് കടൽപ്പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ്.

ജൂൺ 21-ന് എസ്പെറൻസിന് പടിഞ്ഞാറുള്ള റോസസ് ബീച്ചിൽ കണ്ടെത്തിയ മറ്റൊരു ജയന്റ് പെട്രൽ പക്ഷിയിലും രോഗബാധ സംശയിക്കുന്നുണ്ട്. ഇതേ സ്ഥലത്തുനിന്നും കണ്ടെത്തിയ മറ്റ് നാല് പക്ഷികളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ കൃഷി മന്ത്രി ജാക്കി ജാർവിസ് വ്യക്തമാക്കി. നിലവിൽ ദക്ഷിണ ഓസ്‌ട്രേലിയൻ തീരങ്ങളിൽ അപൂർവ്വമായി എത്തുന്ന ദേശാടനപ്പക്ഷികളിൽ മാത്രമാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളതെന്നും കൂട്ടത്തോടെയുള്ള പക്ഷിമരണങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

രോഗബാധ പ്രാദേശിക പോൾട്രി ഫാമുകളിലേക്കോ മറ്റ് വന്യജീവികളിലേക്കോ പടർന്നിട്ടില്ലാത്തതിനാൽ കാർഷിക മേഖലയ്ക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ ഇതുവരെ രോഗം ബാധിച്ച പക്ഷികളെക്കുറിച്ച് മുന്നൂറ്റിയറുപതോളം വിവരങ്ങളാണ് വെസ്റ്റേൺ ഓസ്‌ട്രേലിയൻ അധികൃതർക്ക് ലഭിച്ചത്. ഇവയിൽ സംശയമുള്ളവ സിഎസ്ഐആർഒ (CSIRO) ലാബിലേക്ക് തുടർച്ചയായ പരിശോധനക ൾക്കായി അയക്കുന്നുണ്ട്. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചും അല്ലാതെയും നിരീക്ഷണം ശക്തമാക്കിയി ട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നുള്ള പോൾട്രി ഉൽപ്പന്നങ്ങൾക്ക് പാപുവ ന്യൂ ഗിനിയ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ചതായും അധികൃതർ അറിയിച്ചു. ചത്ത നിലയിലോ രോഗം ബാധിച്ച നിലയിലോ കണ്ടെത്തുന്ന പക്ഷികളെ പൊതുജനങ്ങൾ തൊടരുതെന്നും അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്നും ജാഗ്രതാ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *