തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാര തുക ഇരട്ടിയാക്കി (100 ശതമാനം വർധനവ്) സർക്കാർ ഉത്തരവിറക്കി. നഷ്ടപരിഹാര തുകയ്ക്കുള്ള പരമാവധി പരിധിയും കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും പൂർണമായി ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മലയോര മേഖലകളിലെ കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
തേങ്ങ, കൊക്കോ എന്നിവയെ പുതുതായി നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം വന്യജീവി ആക്രമണത്തിൽ നശിക്കുന്ന തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം ലഭിക്കും. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ നിലവിലെ നഷ്ടപരിഹാര തുക തീർത്തും അപര്യാപ്തമാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടർന്ന് തുക കാലാനുസൃതമായി വർധിപ്പിക്കണമെന്ന് കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് നടപടി.
കൃഷിനാശമോ കാർഷികോല്പന്നങ്ങളുടെ നഷ്ടമോ ഉണ്ടായാൽ കൃത്യമായ പരിശോധനയ്ക്കായി കർഷകർ 72 മണിക്കൂറിനകമോ പരമാവധി രണ്ടാഴ്ചയ്ക്കുള്ളിലോ അധികൃതരെ വിവരം അറിയിക്കണം. തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് ആറ് മാസത്തിനകം ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതേസമയം, അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ മറ്റ് വ്യവസ്ഥകളിൽ മാറ്റമില്ലെന്നും അവ തുടരുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

