വൈപ്പിൻ: വൈപ്പിൻ കോറിഡോർ പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി ബീച്ചിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ എംഎൽഎ ടോണി ചമ്മണി സന്ദർശിച്ച് വിലയിരുത്തി. ബീച്ചിലെ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള സമഗ്ര പദ്ധതി ടൂറിസം വകുപ്പുമായി ചേർന്ന് സർക്കാരിന് സമർപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു.
പ്രധാന റോഡിലൂടെ കടന്നുപോകുന്ന സഞ്ചാരികളെ ബീച്ചിലേക്ക് ആകർഷിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പ്രധാന പാതയിൽ സ്വാഗത ബോർഡുകൾ, ആകർഷകമായ സെൽഫി പോയിന്റുകൾ, വിവിധ വിനോദ മേഖലകൾ, ഫുഡ് ട്രക്കുകൾ, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സിസിടിവി സംവിധാനം എന്നിവ ഏർപ്പെടുത്തും. കൂടാതെ തീം അധിഷ്ഠിത വിനോദ മേഖലകൾ, തെരുവുവിളക്കുകൾ, ബീച്ച് ബെഞ്ചുകൾ എന്നിവ ഒരുക്കുന്നതിനും നിലവിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. കുഴുപ്പിള്ളി ബീച്ചിനെ കൂടുതൽ മനോഹരവും സുരക്ഷിതവും സഞ്ചാരി സൗഹൃദവുമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ്, വൈസ് പ്രസിഡന്റ് എം.എം. പ്രമുഖൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ധു രാജൻ, ജലജ രഘു, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അജീഷ്, ടൂറിസം ഇൻഫോ ഓഫീസർ സുനിത, പ്രൊജക്റ്റ് എൻജിനീയർ ശ്രീജ, കടലോര ജാഗ്രത സമിതി അംഗം ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.

