കോഴിക്കോട്: പെരുവയലിൽ നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം മദ്യലഹരിയിലായ അച്ഛന്റെ ക്രൂരമർദനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പിതാവ് കുറ്റിക്കാട്ടൂർ സ്വദേശി ഷിജിൻ, വിവരം മറച്ചുവെച്ച മാതാവ് അഞ്ജന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റത്തിനാണ് ഷിജിനെതിരെ കേസെടുത്തിരിക്കുന്നത്.
2025 ഒക്ടോബർ ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രി കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുവെന്നും പറഞ്ഞ് മാതാപിതാക്കൾ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. നില അതീവ ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തുകയും മരണം സ്വാഭാവികമല്ലെന്ന് വ്യക്തമാവുകയും ചെയ്തത്. എന്നാൽ കുഞ്ഞിന് മർദനമേറ്റ വിവരം അമ്മ അഞ്ജന ആരോടും വെളിപ്പെടുത്തിയിരുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
സ്ഥിരം മദ്യപാനിയായ ഷിജിൻ, രാത്രി കുട്ടി നിർത്താതെ കരഞ്ഞതിലുള്ള പ്രകോപനത്തിലാണ് കുഞ്ഞിനെ ക്രൂരമായി മർദിച്ചതെന്ന് അഞ്ജന പോലീസിനോട് സമ്മതിച്ചു. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഷിജിനെയും, ഗുരുതരമായ വിവരം പോലീസിൽ നിന്നടക്കം മറച്ചുവെച്ചതിന് അഞ്ജനയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

