തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരത്തിലും ചികിത്സാ ധനസഹായത്തിലും 25 ശതമാനം വർധനവ് വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിക്കൊണ്ടുള്ള ഉത്തരവ് വനംവകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയതിന് പിന്നാലെയാണ് ദുരിതബാധിതർക്ക് ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കനുസരിച്ച്, വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവർക്ക് 2.5 ലക്ഷം രൂപയും (പഴയ നിരക്ക് 2 ലക്ഷം), 60 ശതമാനത്തിലധികം വൈകല്യം സംഭവിച്ചവർക്ക് 3,12,500 രൂപയും (പഴയ നിരക്ക് 2.5 ലക്ഷം) ലഭ്യമാകും.
ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് രോഗാവസ്ഥ കണക്കിലെടുത്ത് 1,25,000 രൂപ വരെ ധനസഹായം ലഭിക്കും. ഒരാഴ്ചയിലധികം ആശുപത്രിവാസം വേണ്ടിവരുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (CMDRF) ഒരു ലക്ഷം രൂപ വരെ അനുവദിക്കും. ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന അതീവ ഗുരുതര സാഹചര്യങ്ങളിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചെലവായ യഥാർഥ തുക സി.എം.ഡി.ആർ.എഫിൽ നിന്ന് പൂർണ്ണമായും ലഭ്യമാക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

