കൊച്ചി: ലൈഫ് ഭവന പദ്ധതിയിൽ ഇതുവരെ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സമീപനമായിരിക്കും ഈ സർക്കാരിന്റേത്. കൂടാതെ, ഈ സർക്കാരിന്റെ കാലയളവിൽ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റുകൾ ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്താകെ 46 കോടിയിലധികം വരുന്ന തദ്ദേശ ജനവിഭാഗങ്ങൾ ലോക ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവർക്ക് അവരുടേതായ സവിശേഷ സംസ്കാരവും ജീവിതരീതികളും കലകളും പരമ്പരാഗത ആരോഗ്യസംവിധാനങ്ങളുമുണ്ട്. ഇവരുടെ പ്രാചീനമായ അറിവുകളെ ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ലോകമെമ്പാടും ചർച്ചകൾ നടക്കുകയാണ്. പ്രത്യേകിച്ച് പാരമ്പര്യ മരുന്നുകളെക്കുറിച്ചുള്ള തദ്ദേശ ജനതയുടെ അറിവുകൾ സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പുതിയ കാര്യത്തിലും പ്രാചീനമായ അറിവുകൾ സംയോജിപ്പിക്കണമെന്നും പരമ്പരാഗതമായ മുഴുവൻ അറിവുകളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര ഉന്നമനത്തിന് കേരള സർക്കാരിന് വലിയ മുൻഗണനയാണുള്ളത്. ഇതിനായി ബജറ്റിൽ നീക്കിവെച്ച ഒരു രൂപ പോലും മറ്റ് കാര്യങ്ങൾക്കായി വിനിയോഗിക്കുകയില്ല. ഗോത്രവർഗ്ഗ മേഖലകളിലെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ഇതിനായി പട്ടികവർഗ്ഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പ്രത്യേക പ്രവർത്തനങ്ങൾ രൂപപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കും. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച പിന്തുണ ഉറപ്പാക്കി കൂടുതൽ ധനസഹായങ്ങൾ അനുവദിക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നൽകിവരുന്ന വിവിധ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനായി തയ്യാറാക്കിയ പുതിയ സർവീസ് പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

