കൊച്ചി: തിരുവനന്തപുരത്തെ വിഴിഞ്ഞം, മുതലപ്പൊഴി, കൊല്ലത്തെ നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര സർക്കാരിന്റെയും വിവിധ സുരക്ഷാ സേനകളുടെയും സഹകരണത്തോടെ വിപുലമായ തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി. കൊച്ചിയിൽ പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടതുപോലെയുള്ള ജാഗ്രതയോടും വൈകാരികമായ ഉത്തരവാദിത്ത ത്തോടും കൂടിയാണ് സർക്കാർ ഈ തിരച്ചിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്ത വിധത്തിലുള്ള തിരച്ചിലാണ് ഇപ്പോൾ നടന്നുവരുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ എപ്പോഴാണ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ഒമ്പത് ദിവസം തുടർച്ചയായി ഇത്രയും വിപുലമായ തിരച്ചിൽ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നേവി സ്കൂബ സംഘം, കോസ്റ്റ് ഗാർഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ കടലിൽ പരിശോധന പുരോഗമിക്കുന്നത്. മുൻ ഭരണകാലങ്ങളിൽ കടലിൽ കാണാതായവരുടെ കണക്കുകൾ ചൂണ്ടിക്കാട്ടി ഉയർന്നുവരുന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
കടലിൽ വച്ച് മത്സ്യത്തൊഴിലാളികളെ കാണാതായാൽ നിലവിലുള്ള നിയമപ്രകാരം ഏഴ് വർഷം കഴിഞ്ഞാൽ മാത്രമേ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കൂ എന്ന സ്ഥിതിയാണുള്ളത്. ഈ വ്യവസ്ഥ തിരുത്തി യെഴുതാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ച മുഖ്യമന്ത്രി, കാണാതായവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക ധനസഹായവും മറ്റു ആശ്വാസ നടപടികളും വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്കിടെയാണ് തിരച്ചിൽ നടപടികളുടെ പുരോഗതിയും സർക്കാരിന്റെ നിലപാടും പരസ്യമാക്കിയത്.

