തിരുവനന്തപുരം: കോതമംഗലത്തിന്റെ ഏറെക്കാലത്തെ സ്വപ്‌നമായ തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കിഫ്ബി ഓഫീസിൽ ഉന്നതതല അവലോകന യോഗം ചേർന്നു. പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വരുന്ന സെപ്റ്റംബർ 16ന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി), കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് പദ്ധതി പ്രദേശം സന്ദർശിക്കും. തുടർന്ന് ഗ്രേഡിയന്റ് പ്രശ്നങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തി മാർക്ക് ചെയ്ത് കിഫ്ബിയുടെ ഡിസൈൻ വിഭാഗത്തിന് കൈമാറും.
ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കലിന്റെ അളവ്, അതിനുള്ള ചെലവ്, റോഡ് നിർമാണച്ചെലവ് എന്നിവ ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കും. ഈ എസ്റ്റിമേറ്റ് മുഖ്യമന്ത്രി അധ്യക്ഷനായ കിഫ്ബി ബോർഡ് യോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് യോഗത്തിലെ തീരുമാനം.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, കെആർഎഫ്ബി-പിഎംയു പ്രോജക്ട് ഡയറക്ടർ മിനി ആന്റണി ഐ.എ.എസ്, പി.ഡബ്ല്യു.ഡി. ഡിസൈൻ വിംഗ് ഉദ്യോഗസ്ഥർ, കെആർഎഫ്ബി-പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ, ഡിസൈൻ എൻജിനീയർ ജോസ് കെ. വർക്കി തുടങ്ങിയവർ സംബന്ധിച്ചു.

