ജക്കാർത്ത: 243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പലായ വിർഗോ ട്രാൻസ്പോർട്ട് 8-മായി ജാവ കടലിൽ ബന്ധം നഷ്ടപ്പെട്ടു. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് കപ്പലുമായുള്ള ആശയവിനിമയം നിലച്ചത്. കപ്പലിന് എന്ത് സംഭവിച്ചുവെന്ന് നിലവിൽ വ്യക്തമായിട്ടില്ല.
കിഴക്കൻ ജാവയിൽനിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന കപ്പൽ, ബൻജർമാസിനിലെ ബോട്ട് ജെട്ടിയിൽനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയെത്തിയപ്പോഴാണ് ബന്ധം നഷ്ടപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.13നാണ് കപ്പൽ യാത്ര ആരംഭിച്ചതെന്ന് കപ്പൽ കമ്പനിയായ പിടി വിർഗോ അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മോശം കാലാവസ്ഥയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ മോശം കാലാവസ്ഥയിൽപ്പെട്ടതായി ഓപ്പറേറ്റർമാർ അധികൃതരെ അറിയിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തന വിഭാഗം മേധാവി ഐ പുടു സുദയാന പറഞ്ഞു.
പ്രത്യേക രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിവിധ സമുദ്രസുരക്ഷാ ഏജൻസികളുമായി സഹകരിച്ച് ലഭ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്തെ കാലാവസ്ഥാ സാഹചര്യങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്.
കപ്പലിലുണ്ടായിരുന്ന എല്ലാവരുടെയും നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

