ടെലിവിഷൻ പരമ്പരയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ‘ഡേ വൺസ്’ നിർമാണം ആരംഭിച്ചു

ലണ്ടൻ: ഫുട്ബോൾ മൈതാനത്തിനുപുറത്തും പുതിയ ചുവടുവയ്പുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ആദ്യ ടെലിവിഷൻ പരമ്പരയായ ‘ഡേ വൺസ്’ (Day 1s) നിർമാണം ആരംഭിച്ചതായി താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകൻ മാത്യു വോണുമായി ചേർന്നാണ് റൊണാൾഡോ പരമ്പര ഒരുക്കുന്നത്.

ഫുട്ബോളിന്റെ പശ്ചാത്തലത്തിലുള്ള സാങ്കൽപ്പിക ഡ്രാമ പരമ്പരയാണിത്. പ്രൊഫഷണൽ ഫുട്ബോളിന്റെ പിന്നണിയിലെ കൈമാറ്റങ്ങൾ, കളിക്കാരുടെ മാനേജ്മെന്റ്, സാമ്പത്തിക ഇടപാടുകൾ, സൗഹൃദം, വിശ്വസ്തത തുടങ്ങിയ വിഷയങ്ങളാണ് പരമ്പരയുടെ പ്രമേയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

ബ്രിട്ടീഷ് നടൻ ഡാമിയൻ ലൂയിസാണ് പരമ്പരയിൽ പ്രധാന കഥാപാത്രമായ സ്റ്റാൻലി ഡാൽട്ടണിനെ അവതരിപ്പിക്കുന്നത്. ഫുട്ബോൾ താരങ്ങളുടെ കൈമാറ്റങ്ങളും കരാറുകളും കൈകാര്യം ചെയ്യുന്ന ഏജന്റാണ് ഈ സാങ്കൽപ്പിക കഥാപാത്രം. മുൻ ഫ്രഞ്ച് ഫുട്ബോൾ താരം തിയറി ഹെൻറിയും ബ്രിട്ടീഷ് റാപ്പർ ഡേവും പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. റൊണാൾഡോയും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.

റൊണാൾഡോയും മാത്യു വോണും ചേർന്ന് 2025-ൽ സ്ഥാപിച്ച UR.MARV സ്റ്റുഡിയോസാണ് പരമ്പരയുടെ നിർമാണം. റൊണാൾഡോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കും. ഫുട്ബോളിലെ തന്റെ ദീർഘകാല അനുഭവങ്ങൾ വിനോദമേഖലയിലെ പുതിയ സംരംഭത്തിലേക്ക് എത്തിക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

പരമ്പരയുടെ റിലീസ് തീയതിയോ സംപ്രേഷണ പ്ലാറ്റ്ഫോമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *