ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഉഖ്റുൽ ജില്ലയിൽ രണ്ട് വാഹനങ്ങൾക്കുനേരെ അജ്ഞാതരായ സായുധസംഘം നടത്തിയ വെടിവയ്പിൽ നാല് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. നവംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ന്യൂ ഹെവൻ മേഖലയിൽ ഇംഫാൽ–ഉഖ്റുൽ പാതയിലായിരുന്നു ആക്രമണം.
രണ്ട് വാഹനങ്ങളിലായി യാത്രചെയ്തിരുന്നവർക്കുനേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങളുടെ മുൻവശത്തെ ചില്ലുകളിൽ വെടിയുണ്ടകളേറ്റ പാടുകളുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഷാങ്ഷാക് ഗ്രാമവാസികളായ ഹൗലീലയും മകൻ കപാങ്ഖുയിയും, തഷാർ ഗ്രാമവാസികളായ അഗസ്റ്റസ് എൻഗാലുങും സഹോദരി ഖൻമിലയുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ നടപടികൾക്കുശേഷം സ്ഥലത്തുനിന്ന് മാറ്റി.
ആക്രമണത്തിനു പിന്നിൽ കുക്കി തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കുക്കി-സോ വിഭാഗത്തിന് പങ്കില്ലെന്ന് ഉഖ്റുലിലെ കുക്കി സിവിൽ സൊസൈറ്റി സംഘടന നിഷേധിച്ചു. തെളിവുകളില്ലാതെ ഒരു സമുദായത്തെ കുറ്റപ്പെടുത്തരുതെന്നും സംഘടന ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്താൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് ഒരു ദിവസം മുമ്പ് അയൽജില്ലയായ സെനാപതിയിൽ 42 വയസ്സുള്ള കുക്കി വനിത വെടിയേറ്റു മരിച്ചിരുന്നു. തഫൗ കുക്കി ഗ്രാമത്തിന് സമീപം എതിരാളികളായ സായുധസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ സംസ്ഥാനത്ത് നാഗാ–കുക്കി വിഭാഗങ്ങൾക്കിടയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നതിലും ബിജെപി സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കെയ്ഷാം മേഘചന്ദ്ര ആരോപിച്ചു.
2023 മേയിൽ ആരംഭിച്ച മണിപ്പുരിലെ വംശീയ സംഘർഷത്തിൽ ഇതുവരെ കുറഞ്ഞത് 306 പേർ കൊല്ലപ്പെട്ടതായും 49 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് വീടുവിട്ട് മാറേണ്ടിവന്നിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ നാഗാ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലും 50-ലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

