ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുക്കാൻ തീരുമാനിച്ചു. രണ്ടുമാസത്തേക്ക് കുഞ്ഞിനെ സംരക്ഷണത്തിൽ പാർപ്പിക്കുമെന്നും ഈ കാലയളവിനിടെ മാതാവിന് മനസ്സുമാറ്റമുണ്ടായാൽ കുഞ്ഞിനെ തിരിച്ചുനൽകുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു.
19 വയസുകാരിയായ മാതാവ് കുഞ്ഞിനെ വേണ്ടെന്ന നിലപാടാണ് സിഡബ്ല്യുസിയെ അറിയിച്ചിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഗർഭിണിയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് യുവതി നൽകിയ മൊഴി.
സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിവാഹിതയായ യുവതി മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കടുത്ത വയറുവേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതി പുലർച്ചെ ശുചിമുറിക്കുള്ളിൽ പ്രസവിക്കുകയും തുടർന്ന് പൊക്കിൾക്കൊടി സ്വയം മുറിച്ചുമാറ്റി കുഞ്ഞിനെ ജനൽവഴി പുറത്തേക്ക് എറിയുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആശുപത്രി പരിസരത്തെ കുറ്റിക്കാട്ടിൽ വീണുകിടന്ന കുഞ്ഞിനെ കരച്ചിൽ കേട്ട് എത്തിയ ആശുപത്രി ജീവനക്കാരാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. തുടർന്ന് കുഞ്ഞിന് അടിയന്തര ചികിത്സ ഉറപ്പാക്കി. നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

