അന്തരിച്ച മാധ്യമപ്രവർത്തകനെതിരെ സൈബർ ആക്രമണം; വേദനാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെയും കുടുംബത്തിനെതിരെയും സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു മനുഷ്യനെതിരെയും ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന സാമൂഹിക സംസ്കാരത്തിന് കളങ്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖമുള്ളതും ഇല്ലാത്തതുമായ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് വിദ്വേഷപ്രചാരണം നടത്തുന്നവരുടെ മാനവികതയെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു.

മുൻകാലത്ത് ജിജോ ജോൺ നടത്തിയ അന്വേഷണാത്മക വാർത്തകളോടുള്ള വൈരാഗ്യമാണ് അധിക്ഷേപങ്ങൾക്ക് പിന്നിലെന്ന ആരോപണം ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകന്റെ കർത്തവ്യനിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം ഗൗരവമായി പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *