സിഡ്‌നി: ജൂതവിരുദ്ധതയെയും സാമൂഹിക ഐക്യത്തെയും കുറിച്ച് ഓസ്‌ട്രേലിയയിൽ നടക്കുന്ന റോയൽ കമ്മീഷൻ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കമ്മീഷന് മുന്നിൽ തെളിവുകൾ നൽകുന്ന സാക്ഷികൾക്ക് നേരെ കടുത്ത ഭീഷണിയും അധിക്ഷേപവുമാണ് ഉയരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്‌ലാമോഫോബിയയും (മുസ്‌ലിം വിരുദ്ധത) വലിയ തോതിൽ വർദ്ധിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ലേബർ പാർട്ടി എംപി ജോഷ് ബേൺസ് താൻ നേരിടുന്ന ദുരനുഭവങ്ങൾ കമ്മീഷനെ അറിയിച്ചു. തന്റെ പങ്കാളിയും വിക്ടോറിയൻ അനിമൽ ജസ്റ്റിസ് പാർട്ടി എംപിയുമായ ജോർജി പർസെല്ലിനെതിരായ അധിക്ഷേപങ്ങൾ ലിംഗവിവേചനവും ലൈംഗിക ചുവയുള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ജൂതനായതുകൊണ്ട് മാത്രം ജോർജിക്ക് നേരെ ക്രൂരമായ സ്ത്രീവിരുദ്ധ അധിക്ഷേപങ്ങൾ ഉയരുന്നു. ആയിരക്കണക്കിന് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും തന്റെ ഓഫീസിലേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്മീഷന് മുന്നിൽ തെളിവ് നൽകാൻ എത്തുന്നവർ കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ഡോർ ഫൗണ്ടേഷൻ സിഇഒ തഹ്ലി ബ്ലിക്ബ്ലാവു പറഞ്ഞു. ഹിറ്റ്‌ലറെ അനുകൂലിക്കുന്നതും കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്നതുമായ നൂറുകണക്കിന് സന്ദേശങ്ങളാണ് സാക്ഷികൾക്ക് നേരെ വരുന്നത്.
ഓസ്‌ട്രേലിയയിലെ ഡീകിൻ യൂണിവേഴ്‌സിറ്റിയുടെ ‘ടാക്ലിംഗ് ഹേറ്റ് ലാബ്’ നടത്തിയ പഠനത്തിൽ പ്രധാന സംഭവങ്ങൾക്ക് ശേഷം ജൂതവിരുദ്ധ-മുസ്‌ലിം വിരുദ്ധ പരാമർശങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തി. ബോണ്ടി ഭീകരാക്രമണത്തിന് ശേഷം ജൂതവിരുദ്ധമായ ചെറിയൊരു വർദ്ധനവ് ഉണ്ടായെങ്കിലും, മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിൽ വലിയൊരു കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് അസോസിയേറ്റ് പ്രൊഫസർ ഡോ. മാറ്റിയോ വെർഗാനി ചൂണ്ടിക്കാട്ടി. യഥാർത്ഥ സംഭവങ്ങൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അത് ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങൾക്ക് തിരികൊളുത്തുന്നുവെന്നും, എന്നാൽ സെൻസർഷിപ്പ് ഇല്ലാതെ തന്നെ ഇതിനെ നിയന്ത്രിക്കാൻ വഴികളുണ്ടെന്നും ഗവേഷകർ കമ്മീഷനെ അറിയിച്ചു.

