ഇന്ത്യയിലായിരുന്നെങ്കിൽ നിന്നെ ഇതിനകം കൊന്നേനെ ; ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

സിഡ്‌നി: ഭാര്യയുടെ കഴുത്തിൽ കത്തിവെച്ച് വധഭീഷണി മുഴക്കിയതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇന്ത്യക്കാരനെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്താൻ നീക്കം. 38 വയസ്സുള്ള ഇയാളുടെ വീസ റദ്ദാക്കിയ നടപടി ശരിവെച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രൈബ്യൂണൽ അപ്പീൽ തള്ളിയതോടെയാണ് നാടുകടത്തൽ നടപടികൾക്ക് വഴിതുറന്നത്. കോടതി രേഖകളിൽ TQVH എന്ന ചുരുക്കപ്പേരിലാണ് ഇയാളെ പരാമർശിച്ചിരിക്കുന്നത്.

2015-ൽ വിദഗ്ധ തൊഴിലാളികൾക്കുള്ള ‘സ്കിൽഡ് നോമിനേറ്റഡ് വീസ’യിലാണ് ഇയാൾ ഓസ്ട്രേലിയയിലെത്തിയത്. ബ്രിസ്‌ബെയ്നിൽ താമസമാക്കിയ ഇയാൾക്കെതിരെ 2019 മുതൽ ഗാർഹിക പീഡനം, ലഹരിക്കടത്ത്, അപകടകരമായ ഡ്രൈവിങ് തുടങ്ങി നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. 2021-ൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് ഗാർഹിക പീഡനക്കുറ്റങ്ങൾ ചുമത്തിയ ഇയാളെ 2022-ൽ സൗത്ത്പോർട്ട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

ഭാര്യയുടെ കഴുത്തിൽ കത്തി ചൂണ്ടി, “ഇന്ത്യയിലായിരുന്നെങ്കിൽ നിന്നെ ഇതിനകം കൊന്നേനെ” എന്ന് ഭീഷണിപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവങ്ങളിലൊന്ന്. തുടർന്ന് ഭാര്യയെ സോഫയിലേക്ക് തള്ളിയിട്ട് പുറത്തുപോകുന്നതിൽ നിന്ന് തടയുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കോടതി രേഖകളിൽ പറയുന്നു. അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള കേസുകളിൽ 12 മാസത്തെ തടവുശിക്ഷ ലഭിച്ചതോടെയാണ് ഓസ്ട്രേലിയൻ കുടിയേറ്റ നിയമപ്രകാരം ഇയാളുടെ വീസ നിർബന്ധമായും റദ്ദാക്കപ്പെട്ടത്. വീസ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇയാൾ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഇതോടെ ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *