സൈബർ സാമ്പത്തിക തട്ടിപ്പ്; കോട്ടയത്ത് ‘സൈബർ ഹണ്ട് 3.0’ വ്യാപക പരിശോധന; 14 കേസുകൾ രജിസ്റ്റർ ചെയ്തു

കോട്ടയം: സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി നടപ്പിലാക്കിയ ‘സൈബർ ഹണ്ട് 3.0’യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ.ടി.എം വിത്‌ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെട്ടതായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 9 കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇതിനുപുറമേ, എ.ടി.എം വിത്‌ഡ്രോവൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ്, കുമരകം, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 5 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരിശോധനയ്ക്കിടെ സംശയസ്പദമായ സാഹചര്യത്തിൽ പലരിൽ നിന്നായി മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ, എ.ടി.എം കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *