ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമവാസികളുടെ സമാധാന ജീവിതം തകർത്ത് പ്രവർത്തിച്ചുവരുന്ന തൈക്കാട്ടുശ്ശേരി ബിവ്റേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.
സാധാരണക്കാരായ മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തുനിന്ന് സ്ഥാപനം ജനവാസ മേഖലയിൽ നിന്ന് നിശ്ചിത അകലം പാലിച്ചുകൊണ്ട്, മറ്റ് ബുദ്ധിമുട്ടുകളില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
നിലവിൽ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രദേശവാസികളുടെ ശാന്തമായ ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന പ്രദേശത്തെ 90 ശതമാനം ആളുകളും, വലിയൊരു ശതമാനം കുട്ടികളും മദ്യത്തിന് അടിമകളാണെന്നും മദ്യശാല ഭാവി തലമുറയെ നശിപ്പിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അമിത മദ്യപാനം മൂലം നിരവധി ആളുകൾ മരണപ്പെടുകയും അസുഖബാധിതരാകുകയും ചെയ്തതോടെ ഒട്ടേറെ കുടുംബങ്ങൾ തകർന്നു. പല സ്ത്രീകളും വിധവകളാവുകയും കുട്ടികൾക്ക് പിതാവിനെ നഷ്ടപ്പെടുകയും ചെയ്തു. സാമ്പത്തിക തകർച്ച മൂലം പലരും ആത്മഹത്യയുടെ വഴിയിലാണ്.
കൂടാതെ ഈ പ്രദേശം ക്രിമിനൽ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. അടിയും പിടിയും കൊലവിളിയും പതിവായ ഇവിടെ പൊതുയിടങ്ങളിലെ മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപകമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

