ചുഴലിക്കാറ്റ് ഭീഷണി: ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത

ഭുവനേശ്വർ/വിജയവാഡ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ആന്ധ്രപ്രദേശിലും തെക്കൻ ഒഡീഷയിലും ജാഗ്രതാ നിർദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഇരു സംസ്ഥാനങ്ങളിലും മുന്നൊരുക്കങ്ങൾ ശക്തമാക്കി.

ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള കാലാവസ്ഥാ സംവിധാനം ഒക്ടോബർ 28-ഓടെ ആന്ധ്രപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘അർണബ്’ എന്ന പേരായിരിക്കും നൽകുക. ബംഗ്ലാദേശ് നിർദേശിച്ച പേരിന്റെ അർഥം സമുദ്രം എന്നാണ്.

ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കാൻഗിരി എന്നീ അഞ്ചു തെക്കൻ ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഈ ജില്ലകളിൽ മണിക്കൂറിൽ 80–90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി. ഒക്ടോബർ 27 മുതൽ 29 വരെ തീരദേശ ആന്ധ്രയിലും ഒഡീഷയിലും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ആന്ധ്രപ്രദേശ് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

കാലാവസ്ഥാ സാഹചര്യം അധികൃതർ നിരീക്ഷിച്ചുവരികയാണ്. തീരദേശ മേഖലകളിലുള്ളവർ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *