ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള പ്രണയകാലത്തെ ഓർമകൾ പങ്കുവച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സാമൂഹികമാധ്യമമായ എക്സിൽ പങ്കുവച്ച ആദ്യ പോസ്റ്റിനൊപ്പമുള്ള വിഡിയോയിലാണ് രാജീവ് ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും പ്രണയത്തിന്റെ തുടക്കവും അവർ വിവരിച്ചത്.
1965ൽ ഇംഗ്ലണ്ടിലെ കേംബ്രിജിൽ പഠിക്കുന്ന കാലത്താണ് രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയ ഗാന്ധി പറഞ്ഞു. വിദ്യാർഥികൾ പതിവായി എത്താറുള്ള ഗ്രീക്ക് റസ്റ്ററന്റായ വാഴ്സിറ്റി റെസ്റ്ററന്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു പൊതുസുഹൃത്താണ് ഇരുവരെയും പരിചയപ്പെടുത്തിയത്. രാജീവ് ഗാന്ധിയുടെ സൗന്ദര്യത്തോടൊപ്പം അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും തന്നെ ആകർഷിച്ചെന്ന് സോണിയ ഓർത്തെടുത്തു.
ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ രാജീവ് ഗാന്ധിയോടൊപ്പം ജീവിതം ചെലവഴിക്കാൻ ആഗ്രഹം തോന്നിയെന്നും പിന്നീട് അദ്ദേഹത്തിനും സമാനമായ വികാരമായിരുന്നെന്ന് മനസ്സിലാക്കിയെന്നും സോണിയ പറഞ്ഞു. തുടക്കത്തിൽ സൗഹൃദത്തിലായിരുന്ന ഇരുവരും പാർട്ടികളിലും വിനോദയാത്രകളിലും ഒരുമിച്ച് സമയം ചെലവഴിച്ചാണ് അടുത്തത്. 1968 ഫെബ്രുവരി 25നായിരുന്നു വിവാഹം.
ആത്മകഥ നവംബർ 10ന്
‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ എന്ന പേരിലുള്ള സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ 10ന് പുറത്തിറങ്ങും. ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം, ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് എന്നിവ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആൽഫ്രഡ് എ. നോഫ് ആഗോളതലത്തിലും ഹാർപ്പർകോളിൻസ് ഇന്ത്യ രാജ്യത്തും പുസ്തകം പ്രസിദ്ധീകരിക്കും.
പുസ്തകത്തിന്റെ വരവറിയിക്കുന്നതിന്റെ ഭാഗമായാണ് സോണിയ ഗാന്ധി എക്സിൽ അക്കൗണ്ട് ആരംഭിച്ച് രാജീവ് ഗാന്ധിയുമായുള്ള വ്യക്തിജീവിതത്തിലെ ഓർമകൾ പങ്കുവച്ചത്. ഇരുവരും സ്നേഹവും ചിരിയും ഓർമകളും നിറഞ്ഞൊരു ലോകം കെട്ടിപ്പടുത്തുവെന്നും നവംബർ 10ന് ആ ലോകം വായനക്കാരുമായി പങ്കുവയ്ക്കുമെന്നും അവർ കുറിച്ചു.

