ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങളും അഭിപ്രായഭിന്നതകളും രൂക്ഷമായിരിക്കെ, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിട്ട് കണ്ട് എ ഗ്രൂപ്പ് നേതാക്കൾ പരാതി നൽകി. മുതിർന്ന നേതാക്കളായ കെ.സി. ജോസഫ്, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ എന്നിവരുൾപ്പെട്ട സംഘമാണ് ഖർഗെയെ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിച്ചതെന്ന് വിവിധ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടിക്കൊപ്പം നിന്ന നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലും സർക്കാരിലും അവഗണിക്കുകയാണെന്ന് സംഘം ആരോപിച്ചു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും നിർണ്ണായക തീരുമാനങ്ങളിലും ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, പല തീരുമാനങ്ങളും മുഖ്യമന്ത്രി ഏകപക്ഷീയമായി എടുക്കുകയാണെന്നും നേതാക്കൾ പരാതിപ്പെട്ടതായാണ് വിവരം.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്നും, പല തീരുമാനങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നും എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ അറിയിച്ചു. നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് വൈദ്യുതി മന്ത്രി കൂടിയായതിനാൽ, സംഘടനാ കാര്യങ്ങൾ നോക്കാനും സർക്കാരിനെ കൃത്യമായി നിയന്ത്രിക്കാനും മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടിയും സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഏകോപന സമിതി രൂപീകരിക്കണമെന്ന ആവശ്യവും എ ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസം പിന്നിടുമ്പോൾ പഴയ എ ഗ്രൂപ്പ് വീണ്ടും സജീവമായി സംഘടിക്കുന്നത് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അതേസമയം, മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങളും പിഎസ്സി നിയമന പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും കോൺഗ്രസിലെ ചേരിപ്പോര് പരസ്യമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനൊപ്പം, സതീശൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള രാഷ്ട്രീയ ശക്തിപ്രകടനവും ശക്തമാണ്. എന്നാൽ പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചു.

