ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ ചരക്കുകപ്പലിൽ വൻതോതിൽ രാസവസ്തുക്കളും സിം കാർഡുകളും; ഇന്തോനേഷ്യൻ നാവികസേന അന്വേഷണം ശക്തമാക്കി

ജക്കാർത്ത: ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ ചരക്കുകപ്പലിൽ വൻതോതിൽ തന്ത്രപ്രധാന രാസവസ്തുക്കളും ലക്ഷക്കണക്കിന് സിം കാർഡുകളും കണ്ടെത്തിയതിനെ തുടർന്ന് ഇന്തോനേഷ്യൻ നാവികസേന അന്വേഷണം ശക്തമാക്കി. കോമോറോസ് പതാകയുള്ള ‘എംവി സ്റ്റാർ ലൈൻ’ എന്ന കപ്പലാണ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം നവംബർ ഏഴിന് പിടിച്ചെടുത്തത്.

ചൈനയിലെ ലിയാൻയുങാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ. നവംബർ എട്ടിന് ബംഗ്ലാദേശിൽ എത്തേണ്ടിയിരുന്ന കപ്പൽ ഇന്തോനേഷ്യൻ സമുദ്രപരിധിയിൽ അപ്രതീക്ഷിതമായി നിർത്തിയതാണ് നാവികസേനയുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദമായ സഞ്ചാരരീതിയും റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാത്തതും പരിശോധനയ്ക്ക് കാരണമായി. നവംബർ 20നാണ് ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുക്കൽ സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

കപ്പലിലെ 36 കണ്ടെയ്‌നറുകൾ പരിശോധിച്ചപ്പോൾ 15 കണ്ടെയ്‌നറുകളിലായി 405 ടൺ സോഡിയം പെർക്ലോറേറ്റ് കണ്ടെത്തി. കൂടാതെ 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത ശൂന്യമായ 4ജി സിം കാർഡുകളും കണ്ടെത്തിയതായി ബംഗ്ലാദേശിലെ ദി ബിസിനസ് സ്റ്റാൻഡേർഡ്, ധാക്ക ട്രിബ്യൂൺ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് റോക്കറ്റ്, മിസൈൽ പ്രൊപ്പല്ലന്റുകളുടെ നിർമാണത്തിലും ഉപയോഗിക്കുന്ന ശക്തമായ ഓക്സീകരണ രാസവസ്തുവാണ്. പിടിച്ചെടുത്ത അളവ് ഉപയോഗിച്ച് 100 മിസൈലുകൾ വരെ നിർമിക്കാൻ കഴിയുമെന്നാണ് ഇന്തോനേഷ്യൻ നാവികസേനയിലെ റിയർ അഡ്മിറൽ ഡെനി സെപ്റ്റിയാൻ അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ രാസവസ്തുക്കളുടെ യഥാർഥ ഉപയോഗം എന്താണെന്നോ ആരാണ് ഇതിന്റെ അന്തിമ ഉപഭോക്താക്കളെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കപ്പലിന്റെ രേഖകളിലും രജിസ്ട്രേഷനിലും ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. രേഖകളിൽ രജിസ്ട്രേഷൻ കാലാവധി 2027 വരെ ഉണ്ടെന്ന് കാണിച്ചിരുന്നെങ്കിലും ഔദ്യോഗിക രേഖകളിൽ അതിന്റെ നില സസ്പെൻഡ് ചെയ്തതായി കണ്ടെത്തിയെന്നാണ് വിവരം. ചരക്കിന്റെ ഉടമസ്ഥാവകാശം, കയറ്റുമതി നടത്തിയ കമ്പനി, ബംഗ്ലാദേശിലെ ഇറക്കുമതിക്കാരൻ എന്നിവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്. കപ്പലിലെ ജീവനക്കാരെയും ചരക്കുമായി ബന്ധപ്പെട്ട രേഖകളെയും ഇന്തോനേഷ്യൻ അധികൃതർ പരിശോധിച്ചുവരികയാണ്. ബംഗ്ലാദേശിന്റെ സൈനിക ശേഷിയും ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങളും പശ്ചാത്തലമാക്കി ഈ സംഭവം മേഖലയിൽ കൂടുതൽ ശ്രദ്ധ നേടുന്നുണ്ടെങ്കിലും, ചരക്കിന്റെ ലക്ഷ്യവും ഇടപാടിന് പിന്നിലുള്ളവരും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ സംഭവത്തെക്കുറിച്ചുള്ള അന്തിമ നിഗമനങ്ങളിൽ എത്താൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *