കോടികൾ ചെലവഴിച്ച് നവീകരിച്ചിട്ടും ഫലമില്ല; വെള്ളക്കെട്ടായി എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വീണ്ടും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടൊപ്പം എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വലിയ തോതിൽ വെള്ളം കയറി.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്പ് ഏകദേശം 1.88 കോടി രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡ് നവീകരിച്ചിരുന്നു. സ്റ്റാൻഡിന്റെ തറനിരപ്പ് ഉയർത്തുകയും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും മഴയെ തുടർന്ന് വീണ്ടും മുട്ടോളം വെള്ളം കെട്ടിനിന്നതായി റിപ്പോർട്ടുകളുണ്ട്. യാത്രക്കാർക്ക് ബസുകളിലെത്താൻ പോലും പ്രയാസമുണ്ടായ സാഹചര്യമാണുണ്ടായത്. തൊട്ടടുത്തുള്ള കനാലിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണെന്ന് വിമർശനം ഉയരുന്നുണ്ട്.

അതേസമയം, ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. മാർച്ചിലായിരുന്നു നവീകരിച്ച ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം. വിവേകാനന്ദ തോട് നിറഞ്ഞാലും സ്റ്റാൻഡിൽ വെള്ളം കയറാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. ഇതിനായി ചുറ്റും കാന നിർമിക്കുകയും തോടിന്റെ ഭാഗത്ത് സംരക്ഷണഭിത്തി സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ ശക്തമായ മഴയിൽ തന്നെ ബസ് സ്റ്റാൻഡ് വീണ്ടും വെള്ളക്കെട്ടിലായതോടെ നവീകരണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *