തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പ്രക്രിയകൾ ആരംഭിച്ചു. പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ വരുന്നതിന് മുൻപ് തന്നെ ഔദ്യോഗിക പോർട്ടൽ വഴി ഡിജിറ്റലായി രേഖപ്പെടുത്താനുള്ള സൌകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. 2026 ജൂൺ 30-നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് ഓൺലൈനായി സെൽഫ്-എന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങൾ സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീടുകളിൽ നേരിട്ടെത്തി ശേഖരിക്കും.
രജിസ്റ്റർ ചെയ്യേണ്ട വിധം:
- പോർട്ടൽ സന്ദർശിക്കുക: ആദ്യം https://se.census.gov.in/ എന്ന ഔദ്യോഗിക ലിങ്കിൽ പ്രവേശിക്കുക.
- വിവരങ്ങൾ നൽകുക: തുറന്നുവരുന്ന വിൻഡോയിൽ സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
- ഭാഷ തിരഞ്ഞെടുക്കൽ: പോർട്ടലിൽ ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. എന്നാൽ ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
- വെരിഫിക്കേഷൻ: മൊബൈലിൽ ലഭിക്കുന്ന OTP വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- ലൊക്കേഷൻ അടയാളപ്പെടുത്തൽ: പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തണം.
- സമർപ്പിക്കൽ: സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി, വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഫൈനൽ സബ്മിറ്റ് നൽകുക.
വിവരങ്ങൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ‘H’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-ഇന്യൂമറേഷൻ ഐഡി (S.E.ID) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
ഉത്തരം നൽകേണ്ട പ്രധാന ചോദ്യങ്ങൾ:
കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, വീടിന്റെ തറ, ചുവര്, മേൽക്കൂര എന്നിവ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തുക്കൾ, വീടിന്റെ ഇപ്പോഴത്തെ അവസ്ഥ, കുടുംബനാഥന്റെ പേരും ലിംഗഭേദവും, കുടുംബത്തിലെ ആകെ അംഗങ്ങളുടെ എണ്ണം, വിവാഹിതരായ ദമ്പതികളുടെ എണ്ണം, ലഭ്യമായ കിടപ്പുമുറികൾ, കുടിവെള്ളത്തിന്റെയും വെളിച്ചത്തിന്റെയും പ്രധാന സ്രോതസ്സുകൾ, ശുചിമുറി-കുളിമുറി സൗകര്യങ്ങൾ, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ വീട്ടിൽ ലഭ്യമായ റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, വാഹനങ്ങൾ (സൈക്കിൾ, ബൈക്ക്, കാർ തുടങ്ങിയവ), ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങൾക്കാണ് സെൽഫ് എന്യൂമറേഷനിൽ മറുപടി നൽകേണ്ടത്. കൂടുതൽ വ്യക്തതയ്ക്കായി പോർട്ടലിൽ യൂസർ ഗൈഡും ലഭ്യമാക്കിയിട്ടുണ്ട്.

