ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ; വിപുലമായ നിയമനങ്ങളും ധനസഹായങ്ങളുമായി മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ഇതുകൂടാതെ സുപ്രധാനമായ മറ്റ് നിരവധി നിയമനങ്ങൾക്കും വിവിധ അപകടങ്ങളിൽപ്പെട്ടവർക്കുള്ള ധനസഹായങ്ങൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എറണാകുളം സ്വദേശിയും വിരമിച്ച ജില്ലാ ജഡ്ജിയുമായ എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ലോകായുക്ത സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി എൻ. അനിൽകുമാറിനെ നിയമിക്കും. കേരള ഹൈക്കോടതിയിലേക്ക് 4 സ്പെഷൽ ഗവൺമെന്റ് പ്ലീഡർമാർ, 12 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, 24 ഗവൺമെന്റ് പ്ലീഡർമാർ എന്നിവരെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ദുരന്തങ്ങളിൽ ഇരയായവർക്ക് വലിയ തോതിലുള്ള ധനസഹായങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ബംഗളൂരു ശിവാജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് മരണപ്പെട്ട മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ വീതം അനുവദിക്കും. കൊട്ടാരക്കര നീലേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഈ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭൂമി പതിവ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശൂർ ജില്ലയിലെ തൃശൂർ (എൽ.എ) യൂണിറ്റ് നമ്പർഷോപ്പ് 1 സ്പെഷൽ തഹസീൽദാരുടെ കാര്യാലയത്തിലെയും തസ്തികകൾ നീട്ടി നൽകി. പീരുമേട് ഭൂമി പതിവ് ഓഫീസ്, നേമം റെയിൽ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ തഹസീൽദാർ ഓഫീസ് എന്നിവയുൾപ്പെടെയുള്ള വിവിധ ഓഫീസുകളിലെ 243 തസ്തികകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി തുടരാനും മന്ത്രിസഭാ യോഗം അനുമതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *