തിരുവനന്തപുരം: ടാങ്കർ ലോറികൾ മുഖേനയുള്ള ബൾക്ക് വാട്ടർ സപ്ലൈക്ക് ജില്ലാ ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭൂജല വകുപ്പ് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
പൊതുജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾക്കായി സ്വകാര്യ ടാങ്കർ ലോറികൾ വഴി ജലം വിതരണം ചെയ്യുന്നതിന് ഭൂജല അതോറിറ്റിയിൽ നിന്നുള്ള എൻ.ഒ.സി അത്യന്താപേക്ഷിതമാണ്. 10,000 രൂപ ഫീസുള്ള എൻ.ഒ.സിക്ക് മൂന്ന് വർഷത്തെ കാലാവധിയാണുണ്ടാവുക. ചട്ടലംഘനങ്ങൾക്കെതിരെ കടുത്ത പിഴയും നിയമനടപടികളുമാണ് ഉത്തരവിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മലിനജലം ടാങ്കർ ലോറിയിൽ വിതരണം ചെയ്താൽ രണ്ട് ലക്ഷം രൂപയും, രജിസ്ട്രേഷനില്ലാത്ത ടാങ്കർ ലോറികൾക്ക് 50,000 രൂപയും, എൻ.ഒ.സി വ്യവസ്ഥകൾ ലംഘിച്ചുള്ള ഭൂജല ഉപയോഗത്തിന് ഒരു ലക്ഷം രൂപയുമാണ് പിഴ ചുമത്തുക. കൂടാതെ ഭൂജല അതോറിറ്റി ചട്ടപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും.
വിതരണം ചെയ്യുന്ന ജലം ഫിൽട്രേഷൻ നടത്തി ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ഫ്ലോ മീറ്റർ ഘടിപ്പിക്കണം. ഉപയോഗം ജില്ലാ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലോഗ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും നിശ്ചിത ഭൂജല ഉപഭോഗ ചാർജ് അടയ്ക്കണമെന്നും നിർദേശമുണ്ട്.
ഭൂജല സ്രോതസ്സുകളുടെ സംരക്ഷണവും നിർദിഷ്ട വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കലുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. കുടിവെള്ള വിതരണത്തിനുള്ള ബൾക്ക് വാട്ടർ സപ്ലൈ അനുമതി ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങൾക്കോ നിർമ്മാണ പ്രവർത്തനങ്ങൾക്കോ വെള്ളം നൽകാൻ പാടില്ല. ഇത്തരത്തിൽ അനധികൃതമായി വെള്ളം വിതരണം ചെയ്യുന്നവരിൽ നിന്ന് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ടാങ്കർ ലോറികൾ മുഖേന ജലവിതരണം നടത്തുന്നവർ അടിയന്തരമായി ബന്ധപ്പെട്ട ജില്ലാ ഭൂജല വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് എൻ.ഒ.സി ഉൾപ്പെടെയുള്ള അനുമതികൾ നേടേണ്ടതാണ്.

