ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത്; കപ്പൽ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിൽ, ആ വഴിയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ (Seafarers) പുതുതായി വിന്യസിക്കരുതെന്ന് കേന്ദ്ര സർക്കാർ കപ്പൽ ഉടമകൾക്കും കപ്പൽ മാനേജ്മെന്റ് കമ്പനികൾക്കും റിക്രൂട്ട്മെന്റ് ഏജൻസികൾക്കും നിർദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) പുറത്തിറക്കിയ ഉപദേശ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും സുരക്ഷാ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടന്ന ആക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം മുൻകരുതൽ നിർദേശം നൽകിയത്.

അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർദേശം തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മേഖലയിൽ സർവീസ് നടത്തുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് നിലവിൽ 15,000-ത്തിലധികം ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിൽ തുടരുന്നുണ്ടെന്നും അവരുടെ സുരക്ഷ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *