ഭക്തിസാന്ദ്രമായി പുരി; ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്രയ്ക്ക് ഇന്ന് തുടക്കം

പുരി: ഒഡീഷയിലെ പുരിയിൽ ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്രയ്ക്ക് ഇന്ന് തുടക്കമായി. ഉത്സവത്തോടനുബന്ധിച്ച് പുരിയിലും പരിസരപ്രദേശങ്ങളിലും ഒഡീഷ സർക്കാർ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശക്തമായ മഴയെപ്പോലും അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് പുരിയിലെ പവിത്രമായ രഥയാത്ര ദർശിക്കാനായി എത്തിച്ചേർന്നിരിക്കുന്നത്.

അലങ്കരിച്ച ഭീമാകാരമായ രഥങ്ങളിൽ പവിത്രമായ ‘ഛേര പഹൻര’ (രഥങ്ങൾ തൂത്തുവാരുന്ന രാജകീയ ചടങ്ങ്) ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. തുടർന്ന് ‘ജയ് ജഗന്നാഥ്’ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തർ ഭക്തിപൂർവ്വം രഥങ്ങൾ വലിച്ചുതുടങ്ങും. പരമ്പരാഗത ഒഡീസി കലാകാരന്മാരുടെ മനോഹരമായ നൃത്തപ്രകടനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും അകമ്പടിയോടെ നീങ്ങുന്ന രഥങ്ങൾ ശ്രീ ഗുണ്ടിച ക്ഷേത്രത്തിലാണ് സമാപിക്കുക. ഒൻപത് ദിവസത്തെ ഗുണ്ടിച ക്ഷേത്രത്തിലെ വാസത്തിന് ശേഷമായിരിക്കും ദേവന്മാരുടെ മടക്കയാത്ര ആരംഭിക്കുന്നത്.

ഉത്സവത്തിന്റെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി ഒഡീഷ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ കേന്ദ്ര സേനയേയും പുരിയിൽ വിന്യസിച്ചിട്ടുണ്ട്. രഥയാത്രയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *