മുണ്ടക്കയം: ഡ്യൂട്ടിയിൽ ഡോക്ടർമാരുണ്ടായിട്ടും രോഗികളെ പരിശോധിക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. ഇന്ന് നാല് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും ഇവരുടെ മുറികളിൽ ആരും തന്നെ ലഭ്യമായിരുന്നില്ലെന്നാണ് രോഗികൾ പരാതിപ്പെടുന്നത്. ചികിത്സ തേടി എത്തിയ നിരവധി പേർ മണിക്കൂറുകളോളം ക്യൂവിൽ നിന്നിട്ടും ഡോക്ടർമാരെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു.
ഡോക്ടർമാർ സമയബന്ധിതമായി ഒപിയിൽ എത്തുന്നില്ലെന്നും, ഇത് മൂലം വയോധികരും കുട്ടികളും ഉൾപ്പെടെയുള്ള രോഗികൾ മണിക്കൂറുകളോളം കാത്തുനിന്ന് ബുദ്ധിമുട്ടുകയാണെന്നും ആശുപത്രിയിലെത്തിയവർ ആരോപിക്കുന്നു. വിഷയത്തിൽ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, യാഥാർത്ഥ്യം പരിശോധിച്ച് രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന ശക്തമായ ആവശ്യം.

