ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യുഎഇയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അഡ്നോകിന്റെ (ADNOC) കപ്പലിന് മിസൈൽ ആക്രമണമുണ്ടായതായി യുഎഇ. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് യുഎഇയുടെ ആരോപണം. സംഭവത്തിൽ ആളപായമുണ്ടായില്ല.
കപ്പൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഇതിനിടെ, സംഘർഷം ആരംഭിച്ചതിന് ശേഷം അഡ്നോകിന്റെ കപ്പലുകൾക്കെതിരെ 15 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി കമ്പനി അറിയിച്ചു. ഇതിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതാണ് പുതിയ ആക്രമണം സൂചിപ്പിക്കുന്നത്.

