തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുത്; ട്രംപിനോട് നെതന്യാഹുവിന്റെ അഭ്യർഥന

ജറുസലേം: ഇസ്രായേലിന്റെ സുരക്ഷയ്ക്കും പശ്ചിമേഷ്യയിലെ ശക്തിസന്തുലനത്തിനും തിരിച്ചടിയാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർഥിച്ചു. തുർക്കിയിലേക്ക് എഫ്-35 വിമാനങ്ങളോ അനുബന്ധ സാങ്കേതികവിദ്യയോ കൈമാറുന്നത് മേഖലയിലെ സൈനിക ശക്തിയുടെ സന്തുലിതാവസ്ഥ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നാറ്റോ ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, തുർക്കിക്കെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കാനും എഫ്-35 യുദ്ധവിമാന വിൽപ്പന വീണ്ടും പരിഗണിക്കാനും തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയും നിയമപരമായ നടപടിക്രമങ്ങളും ആവശ്യമായതിനാൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

റഷ്യയിൽ നിന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്ന് 2019-ൽ തുർക്കിയെ എഫ്-35 പദ്ധതിയിൽ നിന്ന് അമേരിക്ക പുറത്താക്കിയിരുന്നു. ഇപ്പോൾ തുർക്കിയെ വീണ്ടും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ഉയർന്ന സാഹചര്യത്തിലാണ് ഇസ്രായേൽ ആശങ്ക അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *