ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു, ഭാര്യാപിതാവിന് ഗുരുതര പരിക്ക്; പ്രതി പിടിയിൽ

പീരുമേട്: ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പീരുമേട് സ്വദേശി പ്രിയങ്ക, മാതാവ് വസന്ത (നേശം) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രിയങ്കയുടെ പിതാവിനും ഗുരുതരമായി വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പീരുമേട് സ്വദേശിയായ പ്രതി പ്രിൻസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിൽവെച്ചായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവായ വസന്തയുമായാണ് വഴക്കുണ്ടാക്കിയത്. തർക്കത്തിനിടെ ഇയാൾ ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചു.

തുടർന്ന് വീടിന് പുറത്തിറങ്ങിയ പ്രതി, കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്ന പ്രിയങ്കയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പീരുമേട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *