സിഡ്നി: സിഡ്നിയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ പോലീസിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ച 35-കാരനായ ഡ്രൈവറെ നാടകീയമായ വശത്തെ അറസ്റ്റിലൂടെ പോലീസ് പിടികൂടി. ഉച്ചയ്ക്ക് രണ്ടിനു ശേഷം കാബ്രാമാറ്റ വെസ്റ്റിലാണ് സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും തോക്കിൻമുനയിൽ നിർത്തിയാണ് പ്രതിയെ പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്തത്.
Meadows Road-ൽ വച്ച് പ്രസ്തുത വോക്സ്വാഗൺ ഹാച്ച്ബാക്ക് കാർ റോഡരികിലെ ശ്വാസപരിശോധനയ്ക്കായി (roadside breath test) നിർത്താൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ പോയതിനെത്തുടർന്ന് പോലീസ് പിന്തുടരുകയായിരുന്നു. നിരവധി ജനവാസമേഖലകളിലൂടെയുള്ള നീണ്ട ചേസിംഗിനൊടുവിലാണ് നാടകീയമായ ഈ അറസ്റ്റ് അരങ്ങേറിയത്.
അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി വലിയൊരു കത്തി ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസ് ബലംപ്രയോഗിച്ച് ആയുധം പിടിച്ചെടുക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഫെയർഫീൽഡ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, പോലീസിന്റെ നിർദ്ദേശം അനുസരിക്കാതെ രക്ഷപ്പെടാൻ ശ്രമിക്കൽ, നിയമപരമായ തടങ്കൽ തടയാൻ മാരകായുധം ഉപയോഗിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുസ്ഥലത്ത് കത്തി കൈവശം വെയ്ക്കൽ, മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന വാഹനം ഉപയോഗിക്കൽ, നിരോധിത മയക്കുമരുന്ന് കൈവശം വെയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നിഷേധിച്ചതായും നാളെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

