പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

കാൻബറ: ഓസ്‌ട്രേലിയയിൽ കുടിയേറ്റം ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള തീവ്രനടപടികൾ പ്രഖ്യാപിച്ച് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. നിലവിലുള്ള കുടിയേറ്റ നിരക്ക് രാജ്യത്തിന് താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേരന്റ് വിസകൾ പൂർണ്ണമായും നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനത്തിൽ 90 ശതമാനം കുറവ് വരുത്താനുമുള്ള പദ്ധതി പോളിൻ ഹാൻസൺ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തുള്ള താമസക്കാർക്കായി ഭവനനിർമ്മാണം, വയോജന പരിചരണം, പൊതുസേവനങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അവർ വ്യക്തമാക്കി.

പോളിൻ ഹാൻസൺ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പ്രകാരം പ്രതിവർഷമുള്ള മാനുഷിക പരിഗണനയിലുള്ള അഭയാർത്ഥി പ്രവേശനം 20,000-ൽ നിന്ന് വെറും 2,000 ആയി വെട്ടിക്കുറയ്ക്കും. സ്ഥിരതാമസത്തിനുള്ള പേരന്റ് വിസകൾ പൂർണ്ണമായും നിർത്തലാക്കുന്നതോടെ നിലവിൽ വിസയ്ക്കായി കാത്തിരിക്കുന്ന 1,57,000-ത്തോളം അപേക്ഷകരെ ഇത് നേരിട്ട് ബാധിച്ചേക്കും. നിലവിലുള്ള അപേക്ഷകർക്ക് ഫീസ് തിരികെ നൽകുമെന്നും പാർട്ടി പറയുന്നു. കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 7,50,000 താൽക്കാലിക വിസക്കാരെ കുറയ്ക്കാനും, തുടർന്ന് പ്രതിവർഷമുള്ള അറ്റ വിദേശ കുടിയേറ്റം 1,30,000 ആയി പരിമിതപ്പെടുത്താനും പദ്ധതിയിൽ നിർദ്ദേശിക്കുന്നു. ഈ നയങ്ങളിലൂടെ ഒരു ദശാബ്ദത്തിനുള്ളിൽ നികുതിദായകർക്ക് 100 ബില്യൺ ഡോളർ ലാഭിക്കാനാകുമെന്നാണ് വൺ നേഷൻ പാർട്ടിയുടെ അവകാശവാദം. എന്നാൽ, ഈ സാമ്പത്തിക കണക്കുകൾ പാർലമെന്ററി ബജറ്റ് ഓഫീസ് സ്വതന്ത്രമായി വിലയിരുത്തിയിട്ടില്ല.

അതേസമയം, പേരന്റ് വിസകൾ നിർത്തലാക്കാനുള്ള പോളിൻ ഹാൻസന്റെ നിർദ്ദേശത്തെ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് “അങ്ങേയറ്റം കഠിനം എന്നാണ് വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയുടെ മാനുഷിക പ്രതിബദ്ധതകളെ പ്രതിരോധിച്ചുകൊണ്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വൺ നേഷൻ പാർട്ടി മുന്നോട്ടുവെച്ച ഈ നിർദ്ദേശങ്ങൾ നിലവിൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക നയമല്ല.

Leave a Reply

Your email address will not be published. Required fields are marked *