അമേരിക്കയിലെ ഡ്യൂക് സർവകലാശാല ഗവേഷകർ വികസിപ്പിച്ച 20 കാലുകളുള്ള ‘ആർഗസ്’ (Argus) എന്ന റോബോട്ട് റോബോട്ടിക്സ് രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതായി റിപ്പോർട്ടുകൾ. മനുഷ്യരെയോ മൃഗങ്ങളെയോ അനുകരിക്കുന്ന പരമ്പരാഗത രൂപകൽപ്പനകൾക്ക് പകരം എല്ലാ ദിശകളിലേക്കും ഒരുപോലെ സഞ്ചരിക്കാനും പ്രതികരിക്കാനും കഴിയുന്ന രീതിയിലാണ് ഈ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗ്രീക്ക് പുരാണത്തിലെ അനേകം കണ്ണുകളുള്ള ഭീമന്റെ പേരിൽ നാമകരണം ചെയ്ത ആർഗസിന് മുൻവശമോ പിൻവശമോ എന്ന പ്രത്യേക ദിശയില്ല. കേന്ദ്ര ഘടനയിൽ നിന്ന് പുറത്തേക്ക് വിരിയുന്ന 20 ടെലിസ്കോപ്പിക് കാലുകളുടെ അറ്റങ്ങളിൽ ഡെപ്ത് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഏത് ദിശയിലേക്കും ഉടൻ സഞ്ചരിക്കാനും പരിസരം നിരീക്ഷിക്കാനും ഇതിന് കഴിയും. 1,500-ലധികം കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷമാണ് ഗവേഷകർ ഈ രൂപകൽപ്പനയിലെത്തിയത്. “ഡൈനാമിക് ഐസോട്രോപി” (Dynamic Isotropy) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് വികസനം.
എല്ലാ ദിശകളിലേക്കും ഒരേ ശേഷിയിൽ ചലിക്കാനും വേഗം കൈവരിക്കാനുമുള്ള കഴിവാണ് ഇതിലൂടെ അളക്കുന്നത്. മിക്ക ആധുനിക റോബോട്ടുകൾക്കും 0.6-ൽ താഴെയാണ് ഈ സ്കോർ ലഭിക്കാറുള്ളത്. എന്നാൽ ആർഗസിന് 0.91 എന്ന ഉയർന്ന സ്കോർ ലഭിച്ചതായി ഗവേഷകർ അറിയിച്ചു. മണൽപ്രദേശങ്ങൾ, വനപ്രദേശങ്ങൾ, നനവുള്ള പ്രതലങ്ങൾ, തടസങ്ങൾ നിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ആർഗസ് വിജയകരമായി സഞ്ചരിച്ചു. ശക്തമായി തള്ളിയാലും സ്വയം ബാലൻസ് വീണ്ടെടുക്കാനും ചില കാലുകൾ തകരാറിലായ ശേഷവും പ്രവർത്തനം തുടരാനും ഇതിന് കഴിഞ്ഞു. ചുമരുകൾക്കിടയിൽ കയറിയും ഭാരം വഹിച്ചും പ്രവർത്തിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
റോബോട്ടുകളുടെ രൂപം മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരഘടനയെ അനുകരിക്കണമെന്ന ധാരണയെ ചോദ്യം ചെയ്യുന്ന ഗവേഷണമാണിതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബോയൂൺ ചെൻ വ്യക്തമാക്കി. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇത്തരം രൂപകൽപ്പനകൾ ഭാവിയിൽ പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

