ചെന്നൈ: മുൻ കേരള മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം കെ സ്റ്റാലിൻ രംഗത്ത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിൻ പ്രതികരണം രേഖപ്പെടുത്തിയത്.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും അടിച്ചമർത്താനും കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരുന്നതായി സ്റ്റാലിൻ ആരോപിച്ചു. ഇത്തരം നടപടികൾ ജനാധിപത്യ വ്യവസ്ഥയോട് ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായും അദ്ദേഹം കുറിച്ചു.
ചില കോൺഗ്രസ് നേതാക്കൾ മുമ്പ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയായും ഇപ്പോഴത്തെ സംഭവവികാസങ്ങളെ സ്റ്റാലിൻ വിലയിരുത്തി. “പിണറായി വിജയനെ എന്തുകൊണ്ടാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടാത്തത്” എന്ന ചോദ്യമുയർത്തിയിരുന്ന ചില നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് റെയ്ഡിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

