കുൽഗാമിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (LeT) കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സലാംഗംപോറ മേഖലയിലെ പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ഇയാളോട് കീഴടങ്ങാൻ സുരക്ഷാസേന പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഏറ്റുമുട്ടലിനിടെ വെടിവയ്പുണ്ടായതിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം.

കുൽഗാമിലെ സലാംപോറ മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. പ്രദേശം വളഞ്ഞതോടെ ലത്തീഫ് ഭട്ട് സമീപത്തെ പള്ളിയിൽ അഭയം തേടുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ട് കുൽഗാം പൊലീസ് സൂപ്രണ്ട് അനായത് അലി ചൗധരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇയാളുമായി വീഡിയോ കോളിലൂടെ സംസാരിച്ചെങ്കിലും വഴങ്ങിയില്ല. പുലർച്ചെ 2.45ഓടെ ഇയാൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തതായും തുടർന്ന് ഏറ്റുമുട്ടലുണ്ടായതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് ഒരു ഭീകരന്റെ മൃതദേഹവും ആയുധവും കണ്ടെടുത്തതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് എക്‌സിലൂടെ വ്യക്തമാക്കി. ലത്തീഫ് ഭട്ടാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നവംബർ 11-ന് കുൽഗാമിലെ അഖ്റാൻ ഗ്രാമത്തിൽ സിആർപിഎഫ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിൽ ലത്തീഫ് ഭട്ടിനും സഹായി ഉമർ നിസാർ ദറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആക്രമണത്തിന് മുൻപ് ഇരുവരും മിർ ബസാർ, അഖ്റാൻ, ഹബ്ലിഷ്, കിലാം തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

നവംബർ 16-ന് കുൽഗാമിലെ ലാരൂ മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഉമർ നിസാർ ദർ കൊല്ലപ്പെട്ടിരുന്നു. അന്ന് ലത്തീഫ് ഭട്ട് രക്ഷപ്പെട്ടതായാണ് സുരക്ഷാസേനയുടെ റിപ്പോർട്ട്. തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് ഇയാളെ വീണ്ടും കണ്ടെത്തിയത്.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, കുൽഗാം ജില്ലകളിൽ നടന്ന മറ്റു ആക്രമണങ്ങളിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്ന് സുരക്ഷാ ഏജൻസികൾ ആരോപിക്കുന്നു. ജൂലൈയിൽ അനന്ത്നാഗിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ട ആക്രമണത്തിലും കുൽഗാമിൽ ഛത്തീസ്ഗഢ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഇയാളെ പിടികൂടാൻ 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *