ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ അക്കാദമിക ഗവേഷകർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ChatGPT Plus ഉപയോഗിക്കാൻ അവസരമൊരുക്കി നിർമിതബുദ്ധി (AI) കമ്പനിയായ ഓപ്പൺഎഐ. ശാസ്ത്രം, ഗണിതം, എൻജിനിയറിങ് മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ആരംഭിച്ച ‘ChatGPT for Academic Researchers’ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് നടപടി.
പദ്ധതിയുടെ പുതിയ ഘട്ടത്തിൽ യോഗ്യതയുള്ള ഗവേഷകർക്ക് 50,000 ഗ്രാന്റുകളാണ് നൽകുന്നത്. ഓരോ ഗ്രാന്റിനും ഒരു പ്രധാന ഗവേഷകനും ഒപ്പം പ്രവർത്തിക്കുന്ന രണ്ട് സഹഗവേഷകർക്കും ഉൾപ്പെടെ പരമാവധി മൂന്ന് ChatGPT Plus അക്കൗണ്ടുകൾ ലഭിക്കും. ഇങ്ങനെ 1.5 ലക്ഷം ഗവേഷകർക്ക് പുതിയ ഘട്ടത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കമ്പനിയുടെ കണക്ക്. നേരത്തേ ആരംഭിച്ച പരീക്ഷണഘട്ടം ഉൾപ്പെടെ ആകെ രണ്ട് ലക്ഷം ഗവേഷകരിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
നവംബർ 23 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്ന് ഓപ്പൺഎഐ നവംബർ 16-ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആദ്യത്തെ 50,000 അപേക്ഷകർക്കാണ് പ്രവേശനം നൽകുക. മുൻഘട്ടത്തിൽ നറുക്കെടുപ്പിലൂടെ ഗവേഷകരെ തിരഞ്ഞെടുത്തിരുന്നെങ്കിലും പുതിയ ഘട്ടത്തിൽ അപേക്ഷ ലഭിക്കുന്ന ക്രമത്തിനാണ് മുൻഗണന.
അക്കാദമിക ഗവേഷണ രംഗത്തെ അധ്യാപകർക്കും പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്കുമാണ് പ്രധാനമായും അപേക്ഷിക്കാൻ കഴിയുക. ശാസ്ത്രം, ഗണിതം, എൻജിനിയറിങ് മേഖലകളിൽ ഗവേഷണം നടത്തുന്നവരായിരിക്കണം. ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള യോഗ്യതകൾ പരിശോധിച്ച ശേഷമായിരിക്കും അർഹത ഉറപ്പാക്കുക. അപേക്ഷകരുടെ അക്കാദമിക യോഗ്യതയും തിരിച്ചറിയൽ വിവരങ്ങളും പരിശോധിക്കും.
ഗവേഷണത്തിനാവശ്യമായ കോഡുകൾ തയ്യാറാക്കുക, പിശകുകൾ കണ്ടെത്തുക, ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്യുക, ഗവേഷണ പ്രബന്ധങ്ങളും ഗ്രാന്റ് അപേക്ഷകളും തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ChatGPT ഉപയോഗിക്കാനാകും. ഓപ്പൺഎഐയുടെ നൂതന AI മോഡലുകളിലേക്കുള്ള പ്രവേശനത്തിനൊപ്പം ഗവേഷണത്തിൽ ChatGPT ഉപയോഗിക്കുന്നതിനുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
ജൂലൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയിൽ 33 രാജ്യങ്ങളിൽനിന്നായി 20,000 ഗവേഷകർ പങ്കെടുത്തിരുന്നു. പരീക്ഷണഘട്ടത്തിൽ ChatGPT Pro ആയിരുന്നു ലഭ്യമാക്കിയിരുന്നത്. എന്നാൽ ഭൂരിഭാഗം ഗവേഷകരുടെയും ആവശ്യങ്ങൾക്ക് Plus പ്ലാൻ മതിയാകുമെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് പുതിയ ഘട്ടത്തിൽ ChatGPT Plus നൽകാൻ തീരുമാനിച്ചത്.
പദ്ധതിയിലൂടെ ഗവേഷകർ പങ്കിടുന്ന വിവരങ്ങൾ നിലവിലെ ക്രമീകരണമനുസരിച്ച് ഓപ്പൺഎഐയുടെ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും കമ്പനി അറിയിച്ചു.

